Monday, 23 January 2012

ഓഹരി ഇടപാട് ആറുദിവസമാക്കുന്നു !!

കോട്ടയം: പ്രമുഖ ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യയിലും ഓഹരി വ്യാപാരം ആഴ്ചയില്‍ ആറുദിവസമാക്കാന്‍ നീക്കം. ഇപ്പോള്‍ വിപണി അവധിയായ ശനിയാഴ്ചയും വ്യാപാരം നടത്താനാണ് ആലോചന.രണ്ടുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി നിക്ഷേപകര്‍ക്ക് വന്‍നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാന്‍ ആറുദിന വ്യാപാരം സഹായിക്കുമെന്നാണ് ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകൂട്ടല്‍.
ശനിയാഴ്ച വ്യാപാരം തുടങ്ങിയാലും സാധാരണ ദിവസങ്ങളിലേക്കാള്‍ കുറഞ്ഞ സമയമേ ഇടപാടുകളുണ്ടാകൂ എന്നാണു സൂചന.
നിലവില്‍ മിക്ക ഓഹരി വിപണികളിലും ആറു ദിവസം കച്ചവടം നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും പ്രമുഖമെന്ന് വിശേഷിപ്പിക്കാവുന്ന നാസ്ദാക്കില്‍(അമേരിക്കന്‍ വിപണി) ഇടപാട് തുടങ്ങുന്നത് ഇന്ത്യന്‍ വിപണി ഇടപാട് അവസാനിപ്പിച്ചതിനുശേഷമാണ്. വെള്ളിയാഴ്ച വൈകുന്നേരം ക്ളോസ് ചെയ്യുന്ന ഇന്ത്യന്‍ വിപണി തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോള്‍ ആഗോള വിപണിയുമായി രണ്ട് ദിവസത്തെ ഇടവേള വരുന്നത് അങ്ങനെയാണ്.

ഈ ഇടവേള കുറക്കുന്നതിന് ശനിയാഴ്ച വ്യാപാരം തുടങ്ങണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.ഈമാസം ഏഴിന് പരീക്ഷണാടിസ്ഥാനത്തില്‍  നടത്തിയ വ്യാപാരം നിക്ഷേപകരില്‍ നല്ല പ്രതികരണം ഉണ്ടാക്കിയിരുന്നു.ദശലക്ഷങ്ങളുടെ അധിക വരുമാനമാണ് നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഇതുവഴി ലഭിച്ചത്.
ആറുദിന വ്യാപാരം ഓഹരി രംഗത്തു പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍ നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്. നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിനും നേട്ടമുണ്ടാകും.രാജ്യത്ത് പ്രതിദിനം ഏതാണ്ട് 20000 കോടിയോളം രൂപയുടെ ഓഹരി ഇടപാട്  നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍നിന്ന് ഉദ്ദേശം 10 കോടിയോളം രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നത്. ശനിയാഴ്ച കൂടി വ്യാപാരം തുടങ്ങിയാല്‍ വര്‍ഷം 50 ഇടപാടുദിനങ്ങളാണ് അധികമായി  ഉണ്ടാകുക. അതായത് നികുതി ഇനത്തില്‍ സര്‍ക്കാറിന് ഏതാണ്ട് 500 കോടിയോളം രൂപയുടെ നേട്ടം.
എന്നാല്‍,ഓഹരി ഇടപാട് സ്ഥാപനങ്ങളിലെ ജീവനക്കാരും വിശകലന വിദഗ്ധരും സര്‍ക്കാര്‍ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.സമ്മര്‍ദത്തിന്‍െറ ഒരു ദിവസം കൂടി അധികമായി സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നാണ് അവരുടെ വാദം.ശനിയാഴ്ച വ്യാപാരം തുടങ്ങിയാലും പ്രതിമാസ വേതനത്തില്‍ വര്‍ധന വരുത്താന്‍ സ്ഥാപനങ്ങള്‍ തയാറായേക്കില്ളെന്നതാണ് ജീവനക്കാരുടെ ആശങ്കയുടെ പ്രധാന കാരണം.ഇപ്പോള്‍ ശനിയാഴ്ച പ്രവൃത്തി  ദിവസമാണെങ്കിലും ഉല്‍പ്പന്ന വിപണിയില്‍ മാത്രമേ ഇടപാടുള്ളൂ എന്നതിനാല്‍ ജീവനക്കാര്‍ക്ക് വലിയ സമ്മര്‍ദങ്ങളില്ല.
ശനിയാഴ്ച നടത്തിയ പരീക്ഷണ ഇടപാട് സാങ്കേതിക സംവിധാനങ്ങള്‍ പരിശോധിക്കുന്നതിന്‍െറ ഭാഗമായിരുന്നു എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍, വൈകാതെ ഇടപാടുകള്‍ ആറ് ദിവസമാക്കുന്നതിനാണ് പരീക്ഷണം എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

No comments:

Post a Comment

Latest News