Wednesday, 21 November 2012

റേഷന്‍ വിതരണവിവരം ഇനി മൊബൈല്‍ ഫോണിലൂടെ !!

ആലപ്പുഴ: റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒരുക്കുന്ന ഈ സംവിധാനത്തിലൂടെ റേഷന്‍കടയുടമ വിതരണത്തിനായി അരിയും മറ്റും എടുത്തവിവരം അറിയാനും അതനുസരിച്ച് കൃത്യമായി സാധനങ്ങള്‍ വാങ്ങാനുമാകും.
വിവരങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താവ് സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്കി പേരു രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാനത്ത് 18 മാസത്തിനുള്ളില്‍ ഈ സംവിധാനം പൂര്‍ണ്ണമായി നടപ്പാവുമെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പൊതുവിതരണം കൂടുതല്‍കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഐ.സി.യുടെ സഹായത്തോടെ എഫ്.എം.പി.ഡി.എസ്(ഫുഡ് ഗ്രെയിന്‍സ് മൂവ്‌മെന്‍റ് ഫോര്‍ എഫക്ടീവ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) നടപ്പാക്കുന്നതെന്ന് അനൂപ്‌ജേക്കബ് പറഞ്ഞു. റേഷന്‍ കടയില്‍ അരി കിട്ടുന്നില്ല,വന്നിട്ടില്ല എന്നിങ്ങനെയുള്ള പരാതികള്‍ ഇതോടെ കുറയും. ഇതിനായി ഓരോ താലൂക്ക് സപ്ലൈ ഓഫീസറും സമയത്ത് വിവരങ്ങള്‍ നല്‍കണം.സബ്‌സിഡി തുക ജനങ്ങള്‍ക്ക് ഗുണകരമാവണം. ബി.പി.എല്‍. കുടുംബം അരി വാങ്ങിയാല്‍ മാത്രമേ സബ്‌സിഡി ലഭ്യമാക്കുകയുള്ളൂ.ബാങ്കിലൂടെ സ്ബ്‌സിഡി ലഭ്യമാക്കുന്നതിനെതിരെ എതിര്‍പ്പുകളുണ്ടെങ്കിലും ആ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കും.മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.ഉപഭോക്താക്കളുടെ വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ മണ്ണെണ്ണ ക്വാട്ട നിശ്ചയിക്കാനും അര്‍ഹര്‍ക്ക് കൂടുതല്‍ നല്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
(courtesy; mathrubhumi.com)

No comments:

Post a Comment