Saturday, 18 February 2012

ഇന്ത്യയിലേക്ക് മൊബൈല്‍ വഴി പണം അയക്കാന്‍ ക്യു.ടെല്‍ സംവിധാനം ഉടന്‍ !!

ദോഹ: ഇന്ത്യയടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് മൊബൈല്‍ വഴി പണമയക്കുന്നതിനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ക്യു.ടെല്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഫിലിപ്പൈന്‍സ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ളാദേശ് രാജ്യങ്ങളെ കൂടി പുതിയ സംവിധാനത്തിന്‍െറ പരിധിയില്‍ കൊണ്ടുവരാനാണ് ക്യു.ടെല്‍ ഉദ്ദേശിക്കുന്നത്.
പ്രത്യേക ഓഫറിന്‍െറ ഭാഗമായി അടുത്തമാസം ഒന്ന് വരെ ഫിലിപ്പെന്‍സിലേക്കും പാകിസ്ഥാനിലേക്കും മൊബൈല്‍ വഴി സൗജന്യമായി പണം അയക്കുന്നതിനുള്ള സൗകര്യം ക്യു.ടെല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ വഴി നാട്ടിലേക്ക് വേഗത്തിലും ലളിതമായും സുരക്ഷിതമായും പണമയക്കാന്‍ സൗകര്യം നല്‍കുന്നതാണ് കഴിഞ്ഞവര്‍ഷം ക്യു.ടെല്‍ നടപ്പാക്കിയ ഈ സംവിധാനം. ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ക്യു.ടെല്‍ ഷോപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ക്യു.ടെല്ലിന്‍െറ സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ വഴിയോ ക്യു.ടെല്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ചോ ‘എം. വാലറ്റ’് എന്നറിയപ്പെടുന്ന ക്യു.ടെല്‍ മൊബൈല്‍ മണി അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം. രാജ്യത്തുടനീളം 200ലധികം ക്യു.ടെല്‍ സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ അവ സ്വന്തം മൊബൈല്‍ ഉപയോഗിച്ച് നാട്ടിലേക്ക് അയക്കാം. ഇങ്ങനെ അയക്കുന്നതിനുള്ള ഫീസ് അടുത്തമാസം ഒന്നുവരെ ഒഴിവാക്കിയിട്ടുണ്ട്.  ഖത്തറിലുള്ള ക്യു.ടെല്‍ മൊബൈല്‍ മണി അക്കൗണ്ട് ഉടമകള്‍ക്ക് മൊബൈല്‍ വഴി പണം കൈമാറാനും അവരില്‍ നിന്ന് സ്വീകരിക്കാനും ഹലാ വരിക്കാര്‍ക്ക് ടോപ് അപ് ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
മൊബൈല്‍ വഴി പണമയക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ പ്രധാന മാളുകള്‍, സൂഖുകള്‍, സിറ്റി സെന്‍റര്‍, ഫുഡ് പാലസ്, സൂഖ് നജാദ, ഫിലിപ്പിനൊ സൂഖ് എന്നിവിടങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ സേവനം ഈ ബൂത്തുകളില്‍ 24 മണിക്കൂറും ലഭിക്കും.

No comments:

Post a Comment

Latest News