Saturday 18 February 2012

മണി എക്സ്ചേഞ്ചുകള്‍ സേവന നിരക്ക് വര്‍ധിപ്പിച്ചു !!

മസ്കത്ത്: ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ സര്‍വ്വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഈമാസം ആദ്യം മുതല്‍ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് മണി എക്സ്ചേഞ്ചുകളില്‍ പതിച്ചിട്ടുണ്ട്. ഓരോ സേവനത്തിനും 500 ബൈസയുടെ വര്‍ധനയാണ് എക്സ്ചേഞ്ചുകള്‍ നടപ്പാക്കിയിരിക്കുന്നത്. ബാങ്ക് ടു ബാങ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിന് രണ്ടര റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഇത് രണ്ട് റിയാലായിരുന്നു. ഡ്രാഫ്റ്റുകളുടെ കമ്മീഷന്‍ ഒരു റിയാലായി ഉയര്‍ത്തി. നേരത്തെ 500 ബൈസയാണ് വിവിധ എക്ചേഞ്ചുകള്‍ ഈടാക്കിയിരുന്നത്.
സേവന നിരക്ക് വര്‍ധിപ്പിച്ചത് ചെറിയ സംഖ്യ നാട്ടിലേക്ക് അയക്കുന്ന കുറഞ്ഞവരുമാനക്കാരെയാണ് പ്രതികൂലമായി ബാധിക്കും. നിര്‍മാണകമ്പനിയികളിലും മറ്റു ചെറിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കുറഞ്ഞ ശമ്പളക്കാര്‍ക്ക് തങ്ങളുടെ തുച്ഛമായ ശമ്പളത്തിന്റെ ചെറിയൊരു ഭാഗമാണ് നാട്ടിലെ കുടുംബത്തെ പോറ്റാന്‍ അയക്കുന്നത്. ഇത്തരക്കാര്‍ പലപ്പോഴും പതിനായിരം രൂപയോ അതില്‍ താഴെ സംഖ്യയോ മാത്രമാണ് നാട്ടിലയക്കുക. ഇത്തരക്കാരെയാണ് പുതിയ നിരക്ക് ബാധിക്കുക. ഇവര്‍ അയക്കുന്ന ചെറിയ സംഖ്യക്കും രണ്ടര റിയാല്‍ സര്‍വീസ് ചാര്‍ജ്് നല്‍കണം. വന്‍തുക അയക്കുന്നവര്‍ക്കും പതിനായിരം രൂപ അയക്കുന്നവര്‍ക്കും ഒരേ സര്‍വ്വീസ് ചാര്‍ജാണ് എക്സ്ചേഞ്ചുകള്‍ ഈടാക്കുക.
എസ്ചേഞ്ചുകാരെ നിയന്ത്രിക്കുന്ന സംഘടനയാണ് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഒമാനിലെ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. ഒമാനിലെ പുതിയ സാഹചര്യത്തില്‍ ചെലവില്‍ വന്ന വര്‍ധനയുമാണ് സേവനനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ 10, 000 മോ അതിനടുത്ത സംഖ്യയോ അയക്കുന്ന സാധാരണക്കാരുടെ കമ്മീഷന്‍ നിരക്ക് വര്‍ധിപ്പിക്കരുതെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ബംഗ്ളാദേശിലേക്കും ശ്രീലങ്കയിലേക്കും ഫിലിപ്പൈന്‍സിലേക്കും നേപ്പാളിലേക്കും അയക്കുന്ന ടി.ടി കളുടെ സേവനനിരക്ക് രണ്ട് റിയാലാണ്. ബംഗ്ളാദേശിലേക്കുള്ള ഡ്രാഫ്റ്റ് സര്‍വ്വീസ് ചാര്‍ജ്് ഒരു റിയാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. പക്ഷെ, ഇന്ത്യയിലേക്ക് ടി.ടി. വഴി പണമയക്കുന്നവര്‍ രണ്ടര റിയാല്‍ നല്‍കണം. മണി എക്സ്ചേഞ്ചുകളില്‍ ഏറ്റവും കൂടുതല്‍ പണമിടപാട് നടത്തുന്നവരാകട്ടെ ഇന്ത്യക്കാരാണ്. സ്വദേശി ജീവനക്കാരുടെ ശമ്പളവര്‍ധന ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുന്നതെന്ന് മണി എക്സ്ചേഞ്ച് പ്രതിനിധികള്‍ പറയുന്നു.

No comments:

Post a Comment

Latest News