Tuesday 4 October 2011

ഇനി കാര്‍ഡ് വേണ്ട ഫോണ്‍ മതി !!!

സാന്‍ഫ്രാന്‍സിസ്‌ക്കോ: കാര്‍ഡുപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യം തന്നെയായിരുന്നു ഷോപ്പിങ് രംഗത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിപ്ലവം. ആവശ്യത്തിലേറെ പണം കൈയില്‍ കൊണ്ടു നടക്കേണ്ടതില്ലെന്ന് വന്നതോടെ കാര്‍ഡില്ലാത്തവര്‍ ചുരുക്കമായി. എന്നാല്‍, ഈ രംഗത്ത് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍.

ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡിന് പകരം തങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സങ്കേതമാണ് ഗൂഗിളിന്റെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. ഇതിനായി ഗൂഗിള്‍ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ സിറ്റി ഗ്രൂപ്പുമായും മാസ്റ്റര്‍കാര്‍ഡുമായും യോജിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടക്കത്തില്‍ സിറ്റി ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാവുക. ഗുഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ഒരു മോഡലായിരിക്കും സേവനങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പിന്നീട് പുതിയ ഓഫറുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും മറ്റും ഇവര്‍ക്ക് എഴുപ്പത്തില്‍ അയച്ചുകൊടുക്കാനും പുതിയ സേവനം വഴിയൊരുക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡും ഫോണും ഒരുമിച്ച് കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.
ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് പേരായി

മുംബൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡിന് ഒടുവില്‍ പേരായി. റുപിയ (രൂപയുടെ ഹിന്ദി) എന്നായിരിക്കും സ്വദേശി കാര്‍ഡിന്റെ പേര്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് പേരിന് അന്തിമരൂപം നല്‍കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ ഒരുക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ പൂര്‍ണ പിന്തുണയോടെയുള്ള പദ്ധതിയില്‍ രാജ്യത്തെ മുന്‍നിര പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും പങ്കാളികളാണ്. 'റുപിയ'യുടെ ലോഗോയുടെ രൂപകല്‍പനയും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഇത് ലഭ്യമായിട്ടില്ല.

ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ പോന്ന 'റുപിയ' ഇന്ത്യന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഡിന്റെയും പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിന്റെയും ഘടനയും രൂപകല്‍പനയും സോഫ്റ്റ്‌വേറും വികസിപ്പിക്കാന്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിനെ നിയോഗിച്ചിട്ടുണ്ട്.

'റുപിയ'യുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യും. രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്.
(courtesy:mathrubhumi.com/business)



free web site traffic and promotion

No comments:

Post a Comment

Latest News