Thursday, 20 October 2011

ദിവസക്കൂലി 1000 രൂപയാകുമ്പോള്‍ !!!

എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല. മാന്യമല്ലാത്ത ഒരുപാട് തൊഴിലുകളുണ്ട്. അതെല്ലാം ചെയ്യാന്‍ കുറേ ആളുകളെ സ്ഥിരമായി കിട്ടണമെന്ന ദുരാഗ്രഹികളുടെ ദുഷ്ടബുദ്ധിയിലായിരിക്കണം ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഉടലെടുത്തത്. കേരളത്തിലായിരുന്നു ഇതിന്റെ പാരമ്യം - 72 ജാതി. മുടി വെട്ടാനും ചെണ്ടകൊട്ടാനും മരപ്പണിക്കും സ്വര്‍ണപ്പണിക്കുമെല്ലാം ഓരോരോ ജാതി. എന്തിന്, പുഴയിലെ മീന്‍ പിടിക്കാനും കടലിലെ മീന്‍ പിടിക്കാനും വരെ വെവ്വേറെ ജാതി. അങ്ങനെ കുലത്തൊഴിലുകള്‍ ഉണ്ടായി. ഇതിന്റെ കാറ്റടിച്ചിട്ടാവണം ജാതിവ്യവസ്ഥ തൊട്ടുതീണ്ടാത്ത ഇസ്ലാമില്‍ വരെ മുടി വെട്ടിന് കേരളത്തില്‍ ജാതിയുണ്ടായി. എന്നാല്‍ കാലക്രമേണ കുലത്തൊഴില്‍ എന്ന പരിപാടി ക്ഷയിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസരംഗത്തും തൊഴിലിലും കൊണ്ടുവന്ന ജാതിസംവരണമാണ് ഒരളവുവരെ കുലത്തൊഴില്‍ പരിപാടിയുടെ ആപ്പീസു പൂട്ടിച്ചത്.

ഇന്ന് കുലത്തൊഴിലുകള്‍ ചെയ്യാന്‍ ആളെ കിട്ടാനില്ല. ഉദാഹരണത്തിന് തെങ്ങുകയറ്റത്തിന്റെ കാര്യം. പണ്ട് തെങ്ങുകയറിയിരുന്നവരുടെ മക്കളെല്ലാം ഇന്ന് സര്‍ക്കാരുദ്യോഗസ്ഥരാണ്. തെങ്ങുകയറാന്‍ ആളില്ല. വളരെ ബുദ്ധിമുട്ടുള്ള പണിയാണ് തെങ്ങുകയറ്റം. ബുദ്ധിയുണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. യന്ത്രം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ട് ഇതുവരെ വിജയിച്ചിട്ടുമില്ല. ഉയരം കുറഞ്ഞ തെങ്ങുജാതി വികസിപ്പിച്ചെടുക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ നോക്കുന്നത്. മാന്യതയില്ലാത്ത ജോലികള്‍ക്ക് ആളെ കിട്ടാതെ വരുന്നത് നല്ല കാര്യമാണ്. സമൂഹം പുരോഗമിച്ചു എന്നര്‍ത്ഥം. യന്ത്രവത്ക്കരണവും അവനവന്റെ ജോലികള്‍ പലതും അവനവന്‍ തന്നെ ചെയ്തു തുടങ്ങലുമൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങള്‍. പുതിയ ഈസോപ്പു കഥകള്‍ [Esop - Employee Stock Ownership Plan] രചിക്കേണ്ടതും പ്രധാനമാണ്. എന്താണ് ഈസോപ്? തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഓഹരികള്‍ കൊടുക്കുക. ഉദാഹരണത്തിന്, ഒരു ചെറിയ ചായക്കടയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ ചായക്കടയുടെ ലാഭവീതം കൊടുക്കുക (ശമ്പളത്തിനു പുറമെ). ഇനിയുള്ള കാലത്ത് ജോലിക്കാരെ ആകര്‍ഷിക്കാനും പിടിച്ചു നിര്‍ത്താനും ഇമ്മാതിരി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവരും. അതായത് കവി പാടിയ 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ' ഇങ്ങെത്തിക്കഴിഞ്ഞെഞ്ഞെന്ന് അതും ഒരു തുള്ളി രക്തം പോലും ചിന്താതെ.

സ്വകാര്യമേഖലയിലൊക്കെ പ്യൂണ്‍, അറ്റന്റര്‍, ഓഫീസ് ബോയ് തുടങ്ങിയ ജാതികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, മാന്യതയില്ലാത്ത ജോലിക്ക് ആളെ കിട്ടാതെ വരുന്നതിന്റെ ഭാഗമാണ്. താഴ്ന്ന ജോലികള്‍ ചെയ്യാന്‍ വേണ്ടി മറുനാടുകളില്‍ നിന്ന് കൂട്ടം കൂട്ടമായി തൊഴിലാളികളെത്തുന്നതും ഇതിന്റെ ഫലം തന്നെ. പക്ഷേ അതിനുമുണ്ടല്ലോ പരിമിതികളും പ്രത്യാഘാതങ്ങളും. പിന്നെ സംഭവിക്കാവുന്നത് ഇത്തരം ജോലികളുടെ കൂലി വര്‍ധിക്കുക എന്നതാണ്. ആ കയറ്റം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ദിവസക്കൂലി അഞ്ചാറു കൊല്ലത്തിനകം 1000 രൂപ കടക്കുമെന്നാണ് പലരുടേയും പ്രവചനം. സപ്ലൈ കുറഞ്ഞ് ഡിമാന്‍ഡു കൂടുമ്പോള്‍ ഒരു സാധനത്തിന്റെ വിലയും കൂടുമെന്നാണല്ലൊ തിയറി. തെങ്ങുകയറ്റത്തിന് ചില സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ 10,000 രൂപ അധികം മാസശമ്പളം വാഗ്ദാനം ചെയ്യുന്ന ഒരു യഥാര്‍ത്ഥ പരസ്യം ഒരു തമാശപോലെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഇങ്ങനെ പോയാല്‍ ജാതിവ്യവസ്ഥ തന്നെ പൂര്‍ണമായി ഇല്ലാതായേക്കും.

ജാതിവ്യവസ്ഥയുടെ അവസ്ഥ എന്തുമാകട്ടെ അതൊന്നും ഓര്‍ത്ത് ഒരു ബിസിനസുകാരനും തല പുണ്ണാക്കില്ല. പക്ഷേ കൂലിക്കൂടുതലിനെപ്പറ്റി അത്ര ലാഘവത്തോടെ ചിന്തിക്കാന്‍ ബിസിനസുകാര്‍ക്ക് സാധിക്കില്ല. അതവരുടെ ലാഭം കുറയ്ക്കുന്ന സാധനമാണ്. വിശേഷിച്ചും കൂടുതല്‍ തൊഴിലാളികളെ ആവശ്യമുള്ള കെട്ടിട നിര്‍മാണം, കൃഷി, ഹോട്ടല്‍ ബിസിനസ്, വസ്ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍. പക്ഷേ എന്തു ചെയ്യാം, കൂലി കൂടിയേ പറ്റു. എന്നല്ല, കൂട്ടിയേ പറ്റു. കൂലി കൂട്ടാനുള്ള സമരത്തിനൊന്നും ഇന്ന് ആരെയും കിട്ടില്ല. അപ്പുറത്ത് കൂടുതല്‍ കൂലി കിട്ടാനുള്ളപ്പോള്‍ ഇപ്പുറത്ത് കൊടി പിടിക്കുന്നതെന്തിന്? അങ്ങനെ സമരമൊന്നും ചെയ്യാതെ തന്നെ കൂലി കൂടിക്കൊണ്ടിരിക്കുന്നു. അല്ലെങ്കിലും ഒരു ഫാക്ടറി തുടങ്ങിയാല്‍ ഉടനെ പടിക്കല്‍ കൊടികുത്തും എന്ന പേരുദോഷമൊക്കെ നോക്കിയിരിക്കെ കേരളത്തിനെ വിട്ടകന്നു. ഇന്ന് കൊടികള്‍ പാറിക്കളിക്കുന്നത് നക്ഷത്രഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം.

ഇത് മാര്‍ക്കറ്റ് ഇക്കോണമിയുടെ കളിയാണ്. ഇതു പക്ഷേ വല്ലാത്തൊരു കളിയായിപ്പോയി. മാര്‍ക്കറ്റ് ഇക്കോണമിയുടെ മാര്‍പ്പാപ്പമാരൊന്നും പ്രതീക്ഷിക്കാത്ത ഒരു കളി. ഒരു പക്ഷേ ലോകത്ത് കേരളത്തില്‍ മാത്രം സംഭവിക്കാവുന്ന കളി.

ജോണ്‍ പോളിന്റെ തിരക്കഥ പ്രകാരമാണത്രെ ഈസ്റ്റ് യൂറോപ്പില്‍ നിന്ന് കമ്മ്യൂണിസത്തെ കെട്ടു കെട്ടിച്ചത്. പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെപ്പിടിച്ചാല്‍ മതി എന്നു പറഞ്ഞ സഖാവ് ഡെംഗ് സിയാവോ പിംഗാണ് ചൈനയെ മാര്‍ക്കറ്റ് ഇക്കോണമിയുടെ വഴിക്കു തെളിച്ചത്. ഭൂമി ഉരുണ്ടതായതുകൊണ്ട് അധികം ഇടത്തോട്ടു പോയാല്‍ വലത്തോട്ട് എത്തും എന്ന് ചൈനയും റഷ്യയും തെളിയിച്ചു.

ഭൂമി ഉരുണ്ടായതുകൊണ്ട് അധികം വലത്തോട്ട് പോയാല്‍ ഇടത്തോട്ടും എത്തും എന്നാണ് രാഷ്ട്രീയ പരീക്ഷണശാലയായ കേരളം തെളിയിക്കുന്നത്. ക്യാപ്പിറ്റലിസത്തിന്റെ പുറത്തു കയറി സോഷ്യലിസം വരുന്ന വരവ്.
(courtesy:mathrubhumi.com)

No comments:

Post a Comment

Latest News