http://www.phygicart.com/
എന്തിനും ഏതിനും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമ്മൾ എത്രത്തോളം ഇന്റർനെറ്റ് ഉപയോഗിക്കുന്നോ അത്രത്തോളം തന്നെ ചതിക്കുഴികളിൽ പെടാനുള്ള സാധ്യതകളുമുണ്ട്. ഓൺലൈൻ ഷോപ്പിങും, ഓൺലൈൻ മണി ട്രാൻസ്ഫെറുകളും ഇപ്പോൾ ഏറെ വർധിച്ചിരിക്കുന്നു. ബാങ്കിങ് ഇന്റർനെറ്റ് വഴിയാകുമ്പോൾ അതു കാരണമുണ്ടാവുന്ന തട്ടിപ്പുകളും കൂടി വരികയാണ്. ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുന്നവർക്കുള്ള കുറച്ചു ടിപ്സ് ചുവടെ ചേർക്കുന്നു.
1. എളുപ്പം ഊഹിക്കാൻ പറ്റാത്തതും, വ്യത്യസ്‌തവുമായുള്ള പാസ്‌വേർഡ് ഉപയോഗിക്കുക
ബാങ്കിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പാസ്‌വേർഡ്, മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിക്കാതെ ഇരിക്കുക. പാസ്‌വേർഡ് ആർക്കും തന്നെ ഊഹിക്കാൻ പറ്റാത്തതും, സ്പെഷ്യൽ ക്യാരക്കറ്റെഴ്‌സ് (# @ & ^ ) ഉപയോഗിച്ചുള്ളതുമാക്കുക.
2. പബ്ലിക് വൈഫൈ, ഇന്റർനെറ്റ് കഫേ മുതലായവ ഉപയോഗിച്ച് ബാങ്കിങ് ചെയ്യാതെ ഇരിക്കുക
നമ്മുടെ പാസ്‌വേർഡുകൾ സേവ് ചെയ്തു വെക്കാൻ പറ്റിയ കീലോഗർ ( Keylogger ) കഫേകളിൽ കണ്ടേക്കാം. പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോൾ സെക്യൂർ അല്ലാത്ത വെബ്സൈറ്റുകളിൽ / ഔട്ട്‍ഡേറ്റഡായ ബ്രൗസർ ഉപയോഗിച്ച് ബാങ്കിങ് നടത്തിയാൽ അത് ആ വൈഫൈ ഉപയോഗിക്കുന്ന ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കും. ഇനി ഉപയോഗിച്ചേ മതിയാവൂ എന്ന സാഹചര്യം വന്നാൽ കംപ്യൂട്ടറിൽ ഒരു VPN ഉം, Virtual Keyboard ഉം ഉപയോഗിക്കുക.
3. സെക്യൂർ ആയ വെബ്സൈറ്റിൽ മാത്രം പെയ്മെന്റ് നടത്തുക, 2 ഫാക്ടർ ഓതേന്റിഫിക്കേഷൻ (2FA) ഉപയോഗിക്കുക
നമ്മുടെ കാർഡ് ഡീറ്റെയിൽസ് എന്റർ ചെയ്യുന്ന വെബ്സൈറ്റ് സെക്യൂർ ആണെന്ന് ഉറപ്പ് വരുത്തുക. https ഇല്ലാത്ത വെബ്സൈറ്റുകൾ ഉപയോഗിക്കരുത് ( Example : http://www.bank.com , https://www.bank.com - ഇതിൽ https ഉള്ള വെബ്സൈറ്റ് മാത്രമാണ് നമ്മുടെ പാസ്‌വേർഡ് എൻക്രിപ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് https ഉള്ള വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക )
ക്യാഷ് ട്രാൻസ്ഫർ നടത്താൻ യൂസർനെയിം, പാസ്‌വേർഡിനു പുറമെ മൊബൈലിലേക്ക് SMS ആയി വരുന്ന പാസ്‌വേർഡ് കൂടെ ഉപയോഗിക്കുന്നതിനാണ് 2 FACTOR AUTHENTIFICATION ( 2FA ) എന്ന് പറയുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ 2FA എനേബിൾ ചെയ്തു വയ്ക്കുക.
4. ഫിഷിങ് ( Phishing ) തന്ത്രങ്ങളുടെ ഇരയാവാതെ ഇരിക്കുക
' മരിച്ചു പോയ കെനിയൻ രാജകുമാരിയുടെ സ്വത്തുക്കൾ നിങ്ങൾക്കാണ് എഴുതി വച്ചിരിക്കുന്നത്, അതു സ്വന്തമാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കുക www.phishing_page.com '
നമ്മളിൽ പലർക്കും ലഭിച്ചേക്കുന്ന മെയിലുകളിൽ ഒന്നായിരിക്കും ഇത്. ഇത്തരം തട്ടിപ്പുകളെ ആണ് ഫിഷിങ് എന്ന് പറയുന്നത്. രാജകുമാരിയുടെ സ്വത്ത് സ്വന്തമാക്കാൻ അവർ തന്ന വെബ്സൈറ്റിൽ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കൊടുക്കുന്നവരുടെ കയ്യിലുള്ളതും കൂടെ മരിച്ചു പോയ രാജകുമാരി അടിച്ചുമാറ്റാറാണ് പതിവ്. അത്തരം മെയിലുകളിൽ വഞ്ചിതാരാവാതെ ഇരിക്കുക.
5. ആന്റി-വൈറസ്, ആന്റി-മാൽവെയർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക
ഓൺലൈൻ ബാങ്കിങിന് ഉപയോഗിക്കുന്ന കംപ്യൂട്ടർ / മൊബൈൽ ഇൽ വൈറസുകൾ, കീലോഗർ മുതലായവ ഇല്ലെന്നു ഉറപ്പുവരുത്തുക. അതിനായി ഒരു ആന്റി-വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക.
(manorama)