Tuesday, 28 June 2016

മ്യൂച്വല്‍ ഫണ്ട്: നിക്ഷേപിക്കും മുമ്പ് ചിന്തിക്കാം

നിരവധി കമ്പനികള്‍, നിരവധി ഉല്‍പന്നങ്ങള്‍, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുമുന്നില്‍ അവസരങ്ങള്‍ നിരവധിയാണ് പക്ഷേ, ശരിയായ അവസരം തെരഞ്ഞെടുക്കുന്നവര്‍ക്ക് മുന്നില്‍ മാത്രമാണ് നേട്ടത്തിന്‍െറ സാധ്യതകള്‍. അല്ലാത്തവരെ കാത്തിരിക്കുന്നത് നഷ്ട സാധ്യതകളാണ്. ശരിയായ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കാവുന്ന ഏതാനും മാനദണ്ഡങ്ങള്‍ നോക്കാം: 
1. ലക്ഷ്യം തിരിച്ചറിയാം 
നിക്ഷേപത്തിന്‍െറ ലക്ഷ്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പലര്‍ക്കും സാമ്പത്തികമായ പല ലക്ഷ്യങ്ങളുമുണ്ടാവും, കാലദൈര്‍ഘ്യവും ഇത്തരം ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടാവും. നികുതി കിഴിവിനുവേണ്ടിയാണ് നിക്ഷേപത്തിനൊരുങ്ങുന്നതെങ്കില്‍ ഓഹരിയധിഷ്ഠിത സേവിങ് സ്കീമുകളാവും (ഇ.എല്‍.എസ്.എസ്) ഉചിതം. സ്ഥിര വരുമാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മന്ത്ലി ഇന്‍കം പ്ളാനുകള്‍ (എം.ഐ.പി) തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ ലക്ഷ്യത്തിനനുസരിച്ചാവണം സ്കീം തെരഞ്ഞെടുക്കുന്നത്. വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത സ്കീമുകള്‍ തെരഞ്ഞെടുക്കാം. 

2. റിസ്ക് എടുക്കാനുള്ള കഴിവ്

മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്നത് അങ്ങേയറ്റം ഗവേഷണം നടത്തുന്ന മികച്ച പ്രഫഷനലുകളുടെ സംഘമാണ്. പക്ഷേ, വിപണിയുമായി ബന്ധപ്പെട്ട ഉല്‍പന്നമായതിനാല്‍ അവക്ക് നഷ്ടസാധ്യത കൂടുതലാണെന്നത് നിക്ഷേപകന്‍ ഓര്‍ക്കണം. റിട്ടേണുകള്‍ ഒരിക്കലും കൃത്യമായി പ്രവചിക്കാനാവില്ല. ഓഹരിയധിഷ്ഠിത ഫണ്ടുകളാവും ഏറ്റവും റിസ്കുള്ളവ. പക്ഷേ, ഏറ്റവും വരുമാന സാധ്യതയുള്ളതും അവക്കുതന്നെയാണ്. നഷ്ടസാധ്യത കുറവുള്ളവയാണ് ഡെബ്റ്റ് ഫണ്ടുകള്‍, ഇവക്ക് രണ്ടിനുമിടയിലുള്ളവയാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍. ചെറുപ്പക്കാര്‍ക്കും ഉടന്‍ മറ്റ് സാമ്പത്തിക ആവശ്യമില്ലാത്തവര്‍ക്കും റിസ്കുള്ള ഓഹരിയധിഷ്ഠിത ഫണ്ടുകള്‍ പരീക്ഷിക്കാം. 

3. പ്രവര്‍ത്തന പാരമ്പര്യം

ഡെബ്റ്റ് ഫണ്ടുകളില്‍പോലും റിട്ടേണ്‍ ഉറപ്പല്ല. എന്നതിനാല്‍, നിക്ഷേപിക്കും മുമ്പ് ഫണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം വിലയിരുത്തുന്നത് യുക്തമായ തീരുമാനത്തിലേക്ക് എത്തുന്നതിന് സഹായിക്കും. ഭാവിയിലേക്കുള്ള സൂചകങ്ങളായി പ്രവര്‍ത്തന റിട്ടേണുകളെ പരിഗണിക്കാം. പക്ഷേ, മുമ്പ് നന്നായി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് ഭാവിയിലും മികച്ച നേട്ടം കിട്ടും എന്ന് ഒരിക്കലും ഉറപ്പിക്കാനുമാവില്ല. 

4. സ്ഥിതിവിവരക്കണക്കുകള്‍ 

റിട്ടേണുകള്‍ കൂടാതെ മറ്റു ചില സ്ഥിതിവിവരക്കണക്കുകളും മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ പരിഗണിക്കാം. റിസ്കുമായി ബന്ധപ്പെട്ടും ബെഞ്ചുമാര്‍ക്കുമായി താരതമ്യപ്പെടുത്തിയുമുള്ള ആല്‍ഫയാണ് ഇതിലൊന്ന്. പോസിറ്റീവായ ആല്‍ഫ സൂചിപ്പിക്കുന്നത് ഫണ്ടിന്‍െറ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ്. വിപണിയിലെ മാറ്റങ്ങളോടുള്ള ഫണ്ടിന്‍െറ പ്രതികരണശേഷിയുടെ അളവുകോല്‍ കൂടിയായ ബീറ്റയാണ് മറ്റൊന്ന്. അധികം റിസ്ക്കെടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് നല്ലത് ബീറ്റ മൂല്യം ഒന്നില്‍ താഴെയുള്ള ഫണ്ടുകളാവും. പ്രതീക്ഷിച്ച റിട്ടേണില്‍നിന്ന് എത്രമാത്രം വ്യതിയാനമുണ്ടെന്ന് സൂചിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷനാണ് മറ്റൊന്ന്. ഒളിഞ്ഞിരിക്കുന്നതുള്‍പ്പെടെ മറ്റു ചെലവുകളും നിക്ഷേപത്തിനു മുമ്പ് പരിഗണിക്കാം. അവയും റിട്ടേണിനെ ആത്യന്തികമായി ബാധിക്കും.

Latest News