Monday, 6 January 2014

സൗജന്യ എടിഎം ഉപയോഗം അഞ്ചാക്കി !!


കൊച്ചി: ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. 
അതോടെ, അക്കൗണ്ടുള്ള ബാങ്കുകളിലെ എടിഎമ്മുകളില്‍ പോലും പ്രതിമാസം അഞ്ചു ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. നിലവില്‍ മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ക്കാണ് ഈ നിയന്ത്രണമുള്ളത്. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 4-5 രൂപ മുതല്‍ 10 രൂപ വരെ ചെലവു വരും. ഈ ചെലവ് ഇടപാടുകാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ബാങ്കുകളുടെ നീക്കം.ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. 
എടിഎം ഇടപാടുകള്‍ക്ക് ന്യായമായ നിരക്ക് ഈടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രബര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം 1.37 ലക്ഷമായിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് നാലു ലക്ഷം എടിഎമ്മുകളുടെ ആവശ്യമുണ്ടെന്നാണ് അനുമാനം.
(courtesy: mathrubhumi)

Latest News