Wednesday, 11 September 2013

രൂപ ഡോളറിനെതിരെ കരകയറുന്നു !!

മുംബൈ: തുടര്‍ച്ചയായ ഇടിവിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം കരകയറുന്നു. ചൊവ്വാഴ്ച വിനിമയ നിരക്ക് 99 പൈസ ഉയര്‍ന്ന് 64.33 രൂപയിലെത്തി. ഇടിവില്‍ നിന്ന് രൂപയെ കരകയറ്റുന്നതിന് കഴിഞ്ഞ വാരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതാണ് മൂല്യം ഉയരുന്നതിന് സഹായകമായത്. വെള്ളിയാഴ്ച ഡോളറിനെതിരെ 77 പൈസ കൂടി 65.24 രൂപ നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്. മൂന്ന് തവണയായി 239 പൈസയുടെ (3.53 ശതമാനം) നേട്ടമാണ് രൂപ കൈവരിച്ചിട്ടുള്ളത്.
അതേസമയം, ചൊവ്വാഴ്ച മുംബൈ ഓഹരി സൂചിക 20,000 ഭേദിച്ചു. തുടക്കത്തില്‍ 19,448.39ല്‍ വ്യാപാരം ആരംഭിച്ച വിപണി 20,000 ഭേദിച്ച് 20,012.69 വരെയെത്തി. സെന്‍സെക്സ് 727.04 പോയന്‍റ് ഉയര്‍ന്ന് 19,997.10ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 216.35 പോയന്‍റ് കൂടി 5,896.75ല്‍ എത്തി.
വാഹനം, മൂലധന ഉത്പന്നം, റിയല്‍റ്റി, ബാങ്കിങ്, എഫ്.എം.സി.ജി എന്നീ ഓഹരികളുടെ വ്യാപാരം സ്ഥിരതയോടെയാണ് പുരോഗമിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍, കോള്‍ ഇന്ത്യ, ഐ.ടി.സി, മാരുകി സുസുക്കി, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്പ്, എം. ആന്‍റ് എം, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു.

Latest News