കൊച്ചി: ഫെയ്‌സ്ബുക്ക് സഞ്ചാരത്തിനിടെ അപ്രതീക്ഷിതമായി ഒരു ഓഹരിയുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞാല്‍ അവ വാങ്ങാനായി മറ്റുപായങ്ങള്‍ തേടി അലയേണ്ടതില്ല. ഫെയ്‌സ്ബുക്കിലെ ഒരു ക്ലിക്കിലൂടെ ആ ഓഹരി നിങ്ങള്‍ക്ക് സ്വന്തമാകും. ഇന്റര്‍നെറ്റ് ട്രേഡിങ്, മൊബൈല്‍ ട്രേഡിങ് എന്നിവയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെയുള്ള സ്‌റ്റോക്ക് ട്രേഡിങ് സംവിധാനമെത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബയാണ് ഫെയ്‌സ്ബുക്ക് വഴിയുള്ള ഓഹരി വ്യാപാര സംവിധാനം ആരംഭിച്ചിരിക്കുന്നത്. 'ഫ്ലിപ് സോഷ്യല്‍ ' എന്നാണ് ഇതിന്റെ പേര്
മുംബൈയില്‍ ബിഎസ്ഇ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാനും കൊച്ചിയില്‍ ജിയോജിത് ആസ്ഥാനത്തു ജിയോജിത് ബിഎന്‍പി പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജും ആദ്യ ട്രേഡ് നടത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിയോജിത് ബിഎന്‍പി പാരിബ ചെയര്‍മാന്‍ എ.പി.കുര്യന്‍ , ജിയോജിത് ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ എ.ബാലകൃഷ്ണന്‍ എന്നിവരും കൊച്ചിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സതീഷ് മേനോന്‍ , ശരദ് ശര്‍മ എന്നിവരും സന്നിഹിതരായിരുന്നു.
ജിയോജിത്തിന്റെ ഉപസ്ഥാപനമായ ജിയോജിത് ടെക്‌നോളജീസാണ് ഫ്ലിപ് സോഷ്യല്‍ എന്ന ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണ് ഇതെന്ന് ബിഎസ്ഇ മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഓഹരി വ്യാപാര രംഗത്ത് പുതിയപാതകള്‍ വെട്ടിത്തുറക്കുന്ന ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ ബിഎസ്ഇയ്ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവജനതയെ ഓഹരി നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനം വഴിവെയ്ക്കുമെന്ന് സി.ജെ.ജോര്‍ജ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജിയോജിത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ലക്ഷത്തിലേറെ അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 60 ശതമാനത്തിലേറെയും 24 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഫെയ്‌സ്ബുക്കിന്റെ മുഴുവന്‍ സാധ്യതകളേയും ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ഓഹരി വിപണിയെക്കുറിച്ച് ബോധവത്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ സംരംഭം വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്കിലൂടെ എങ്ങനെ വ്യാപാരം നടത്താം?
ജിയോജിത്തില്‍ ഡീമാറ്റ് അക്കൗണ്ടുള്ള ഏതൊരു നിക്ഷേപകനും ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം ജിയോജിത് ബിഎന്‍പി പാരിബ ആപ്ലിക്കേഷന്‍ സേര്‍ച്ച് ചെയ്യുക. അതിന്റെ ഹോം പേജിലെത്തിയാല്‍ (http://apps.facebook.com/geojitbnpp/?fb_source=search&ref=ts&fref=ts) കസ്റ്റമര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഓഹരികള്‍ സെലക്ട് ചെയ്ത് ബൈ ഓര്‍ഡര്‍ കൊടുത്താല്‍ മതി. വില്‍ക്കാനാണെങ്കില്‍ സെല്‍ ഓര്‍ഡര്‍ നല്‍കുക.
ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് 'ഫ്ലിപ് സോഷ്യല്‍ ' സംവിധാനത്തിലൂടെ വാങ്ങാനും വില്‍ക്കാനും കഴിയുക. വൈകാതെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരികളും ലഭ്യമാക്കും.
ട്രേഡിങ് ആപ്ലിക്കേഷനിലൂടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് ചാറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്. മാത്രമല്ല, നിങ്ങള്‍ നടത്തുന്ന ഓഹരി ഇടപാട് തികച്ചും സ്വകാര്യവുമായിരിക്കും.
വിര്‍ച്വല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഗെയിം
ഓഹരി നിക്ഷേപത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിത്തരുന്ന ഇന്‍വെസ്റ്റ്‌മെന്റ് ട്യൂട്ടോറിയല്‍ , 'അര്‍ത്ഥശാസ്ത്ര' എന്ന പേരില്‍ വിര്‍ച്വല്‍ സ്റ്റോക്ക്മാര്‍ക്കറ്റ് ഗെയിം എന്നിവയും ഫ്ലിപ് സോഷ്യലില്‍ ലഭ്യമാണ്. ഓഹരി വിപണിയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആത്മധൈര്യമുണ്ടാക്കാനും അര്‍ത്ഥശാസ്ത്ര വിര്‍ച്വല്‍ ഗെയിം സഹായിക്കും. മാത്രമല്ല, ഈ ഗെയിമില്‍ എല്ലാ ആഴ്ചയും മികച്ച നേട്ടമുണ്ടാക്കുന്നവര്‍ക്ക് ബിഎസ്ഇ സമ്മാനവും നല്‍കുന്നുണ്ട്.
courtesy: mathrubhumi.
No comments:
Post a Comment