കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാന്‍ യൂണിയന്‍ ബാങ്ക് കാംപെയില്‍ നടത്തുന്നു. യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.ജയമോഹന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് തീരുമാനം.
നഗരങ്ങളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണിത്.
വായ്പാ കുടിശ്ശികയിന്‍മേല്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ജനവരി, ഫിബ്രവരി മാസങ്ങളില്‍ എല്ലാ താലൂക്കുകളിലും റവന്യു റിക്കവറി അദാലത്തുകള്‍ സംഘടിപ്പിക്കും. അടുത്ത മാര്‍ച്ചിനകം എല്ലാ ബ്ലോക്കുകളിലും ധനകാര്യ സാക്ഷരതാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു. കൂവപ്പടി, അങ്കമാലി, കോതമംഗലം, മുളന്തുരുത്തി, ഇടപ്പള്ളി, ബ്ലോക്കുകളില്‍ മാത്രമാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാര്‍ സഹായം ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നതിന്റെഭാഗമായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും.
ജൂലായ്-സപ്തംബര്‍ കാലയളവില്‍ ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 1010.43 കോടി രൂപയുടെ വര്‍ധനയുണ്ടായി. മൊത്തം നിക്ഷേപം ഇപ്പോള്‍ 44922.28 കോടിയാണ്. 1103.44 കോടി രൂപയാണ് ഈ കാലയളവില്‍ വായ്പയായി നല്‍കിയത്.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.ആര്‍.ജയപ്രകാശ്, ആര്‍.ബി.ഐ. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ കെ.ഡി.ജോസഫ്, നബാര്‍ഡ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ വേണു എസ്.മേനോന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment