Wednesday, 7 November 2012

കറന്‍സിയില്‍ നിന്നും ഗാന്ധി പടിയിറങ്ങുന്നു !!!

ദില്ലി: നോട്ടിനെ  'ഗാന്ധിതല' എന്ന് ഇനി അധികകാലം വിളിയ്ക്കാന്‍ സാധിക്കില്ല. രാഷ്ട്രപിതാവായ  മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ നിന്നു പടിയിറങ്ങാന്‍  പോകുന്നു.  മഹാത്മാഗാന്ധിക്ക് പകരം ആരുടെയൊക്കെ ചിത്രമാണ് നോട്ടില്‍ കാണാന്‍  ആഗ്രഹിക്കുന്നതെന്ന രീതിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങളില്‍  നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചു കഴിഞ്ഞു.  1987ല്‍ 500 രൂപ നോട്ട് പുറത്തിറക്കിയപ്പോഴാണ് ആദ്യമായി ഗാന്ധിജിയുടെ  ചിത്രം ഉള്‍പ്പെടുത്തിയത്. അതുവരെ അശോകസ്തംഭമായിരുന്നു  നോട്ടിലുണ്ടായിരുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ കറന്‍സിയിലും  ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രമുണ്ട്.  വിവിധ തുറകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ആളുകളെ നിര്‍ദ്ദേശിക്കാനാണ്  കേന്ദ്രബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഗാന്ധിജിയുടെ കുത്തക  അവസാനിപ്പിക്കാനുള്ള ശ്രമം വിവാദങ്ങളുടെ തിരികൊളുത്തലാകുമോയെന്ന ആശങ്കയും  സജീവമാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും മത, വര്‍ഗ്ഗ വിഭാഗങ്ങളും  ആവശ്യങ്ങളുമായി രംഗത്തിറങ്ങിയാല്‍ ഇപ്പോള്‍ പോസ്റ്റല്‍ സ്റ്റാംപ്  ഇറക്കുന്നതുപോലെ നോട്ടും ഇറക്കേണ്ടി വരും.
ചെക്കിലെ ഒപ്പ് കറുത്ത മഷി കൊണ്ടാക്കണം
 ജനുവരി ഒന്നു മുതല്‍  കറുത്ത മഷി കൊണ്ട് ഒപ്പിടാത്ത ചെക്കുകള്‍ മടക്കുമെന്ന് സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യ അറിയിച്ചു. ചെക്കുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക്  പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണിത്.  സുരക്ഷാമാനദണ്ഡങ്ങളില്‍ ഏകീകൃത സ്വഭാവം വരുന്നതിനും ചെക് ട്രാന്‍സാക്ഷന്‍  സിസ്റ്റം(സിടിഎസ്) കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതിനും വേണ്ടിയാണിത്.  എന്താണ് സിടിഎസ്?  മറ്റൊരു ബാങ്കിന്റെ ചെക്ക് ആ ബാങ്കിലെത്തിക്കാതെ പാസ്സാക്കാനുള്ള  സംവിധാനമാണിത്. കലക്ഷനായി നല്‍കിയ ചെക്കിനു പകരം അതിന്റെ ഒരു ഇലക്ട്രോണിക്  ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാര്‍ത്ഥ ചെക്കിലുള്ള  എല്ലാവിവരങ്ങളും ഈ ഇലക്ട്രോണിക് രൂപത്തിലുണ്ടാകും. ഈ ഇമേജിന് കൂടുതല്‍  കൃത്യത വരുത്തുന്നതിന്റെ ഭാഗമായാണ് കറുത്ത മഷി കൊണ്ടുള്ള ഒപ്പ് വേണമെന്ന്  നിര്‍ബന്ധമാക്കാന്‍ പോകുന്നത്.  സിടിഎസ് സംവിധാനത്തിനുവേണ്ടി പുതിയ ചെക്കുകളില്‍ നിരവധി മാറ്റങ്ങള്‍  വരുത്തിയിട്ടുണ്ട്. വളരെ പഴയ ചെക്കുകള്‍ കൈവശമുണ്ടെങ്കില്‍ അത് ബാങ്കില്‍  തിരിച്ചുനല്‍കി പുതിയ ചെക്കുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കണം.
(coutesy: malayalam.oneindia.in)

No comments:

Post a Comment

Latest News