Friday, 12 October 2012

എന്‍എസ്ഇ നിഫ്റ്റി 'ഫ്ലാഷ് ക്രാഷ്': ഉത്തരവാദി ആര്?



സാങ്കേതിക തികവിനു പേരുകേട്ട നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് നിമിഷനേരംകൊണ്ട് 900ത്തോളം പോയന്റ് ഇടിഞ്ഞ് 4888 വരെ താഴുകയുണ്ടായി. 5815 നിലവാരത്തില്‍ ഓപ്പണ്‍ ചെയ്ത് 35 മിനിട്ടിനുശേഷമാണ് അപ്രതീക്ഷിതമായി താഴ്ന്നത്. ആ സമയത്ത് പ്രമുഖ ബ്ലൂചിപ്പ് ഓഹരികളില്‍ 15 മുതല്‍ 25 ശതമാനം വരെ വിലയിടിവുണ്ടായെന്നു മാത്രമല്ല 650 കോടി രൂപയുടെ ഇടപാട് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ മാത്രം നടക്കുകയും ഉണ്ടായി. ഇതോടെ എന്‍എസ്ഇ ഇടപാട് സര്‍ക്യൂട്ട് ഫില്‍ട്ടറില്‍ അവസാനിക്കുകയും പിന്നീട് 15 മിനിട്ടിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞത്തിനു ശേഷമാണ് എന്താണ് സംഭവിച്ചത് എന്ന് ജനം അറിയുന്നത്. എന്‍എസ്ഇയും സെബിയുമൊക്കെ അപ്പോള്‍ മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കിയുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല. ഉടനെ തന്നെ വളരെയധികം കാര്യക്ഷമമായ എന്‍എസ്ഇ പ്രഖ്യാപിച്ചു: ഇത് ഒരു എന്‍എസ്ഇ മെമ്പറായ എംകേ ഗ്ലോബലിന്റെ ടെര്‍മിനലില്‍ നിന്നുവന്ന 650 കോടിയുടെ മാര്‍ക്കറ്റ് ഓര്‍ഡര്‍ താങ്ങാന്‍ ആവാതെ നിഫ്റ്റി നിലംപരിശായതാണ്, പ്രസ്തുത മെമ്പറുടെ സകല പോസിഷനുകളും സ്‌ക്വയര്‍ ചെയ്ത് അവസാനിപ്പിച്ചു, അവരെ സസ്‌പെന്‍ഡ് ചെയ്തു. ഹോ എന്തൊരു കാര്യക്ഷമത!! ഇവിടെയാണ് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടത്. എക്‌സ്‌ചേഞ്ച് ഇന്‍ഡെക്‌സില്‍ സെബിയുടെ നിര്‍ദേശപ്രകാരം സര്‍ക്യൂട്ട് ഫില്‍ട്ടറുണ്ട്. ഇതില്‍ പ്രധാനമായത് നിഫ്റ്റി അല്ലെങ്കില്‍ സെന്‍സെക്‌സ് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് 10 ശതമാനം വ്യതിയാനം എത്തിയാല്‍ ആ നിലവാരത്തില്‍ 1 മണിക്കൂര്‍ ഫ്രീസ് ചെയ്യപ്പെടും. ഇങ്ങനെ ഏതെങ്കിലും എക്‌സ്‌ചേഞ്ച് സൂചിക ഫ്രീസ് ആയാല്‍ മറ്റേ എക്‌സ്‌ചേഞ്ച് കൂടി ഇടപാട് ഫ്രീസ് ചെയ്യണമെന്നും സെബിയുടെ നിയമം അനുശാസിക്കുന്നു. അതായത് നിഫ്റ്റി മേല്‍ പറഞ്ഞ 10 ശതമാനം താഴേക്കോ മേലേക്കോ നീക്കം നടത്തിയാല്‍ നിഫ്റ്റി ഫ്രീസ് ആവുന്നതോടൊപ്പം എന്‍എസ്ഇ ഇടപാട് പൂര്‍ണമായും ഫ്രീസ് ചെയ്യണമെന്നതുകൂടാതെ ബിഎസ്ഇ കൂടി ഇടപാടുകള്‍ നിര്‍ത്തിവയ്ക്കണം. അത് പിന്നീട് ഒരു മണിക്കൂറിനു ശേഷം പുനരാരംഭിച്ചാല്‍ അടുത്ത സര്‍ക്യൂട്ട് ഫില്‍ട്ടര്‍ 15 ശതമാനത്തിലാണ്. പിന്നീട് 20 ശതമാനത്തിലും. ഇനി ഒരു മണി മുതല്‍ 2.30 മണി വരെയുള്ള സമയത്താണ് 10 ശതമാനംത്തിന്റെ വ്യതിയാനം ഉണ്ടാകുന്നതെങ്കില്‍ അര മണിക്കൂറാണ് വ്യാപാരം നിര്‍ത്തിവയ്ക്കപ്പെടുന്നത്. 2.30 മണിക്ക് ശേഷം 10 ശതമാനത്തിലേറെ വ്യതിയാനം സര്‍ക്യൂട്ട് ഫില്‍ട്ടറിനു കാരണമാവില്ല. എന്നാല്‍ ഏതു സമയത്താണെങ്കിലും 20 ശതമാനത്തിന്റെ നീക്കം ഏതെങ്കിലും ദിശയിലേക്കു വരികയാണെങ്കില്‍ അന്ന് പിന്നെ യാതൊരു വിധത്തിലും വ്യാപാരവും അനുവദിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 5800 നിലവാരത്തില്‍ നിന്നും 4888 നിലവാരം വരെ ഒരവസരത്തില്‍ എത്തുകയുണ്ടായി. ഈ സമയത്താണ് 650 കോടിയുടെ ഇടപാടുകള്‍ എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എസിസി, റിലയന്‍സ്, ഭാരതി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര ഓഹരികളില്‍ നടന്നത്. ഈ ഇടപാടത്രയും താഴ്ന്ന നിലവാരത്തില്‍ ഒരൊറ്റ വിലയില്‍ ആണ് ഓരോ ഓഹരികളിലും നടന്നതും. താഴെ ടേബിള്‍ നോക്കുക.


വില്‍പ്പന നടന്നത് മുന്‍പറഞ്ഞ ഓഹരി സ്ഥാപനത്തിന്റെ ഒരൊറ്റ ടെര്‍മിനലില്‍ നിന്നാണെന്നും അത് ഒരു ബാസ്‌ക്കറ്റ് ഓര്‍ഡര്‍ ആണെന്നും എന്‍എസ്ഇ അറിയിച്ചതിലൂടെ നാം എല്ലാം അറിഞ്ഞു. എന്നാല്‍ ഈ ഓഹരികള്‍ ഇങ്ങനെ ഒരു വിലയ്ക്ക് ആര് വാങ്ങിച്ചു എന്നത് ആദ്യത്തെ ചോദ്യം. 20 മുതല്‍ 25 ശതമാനം വരെ താഴെ ഈ ഓഹാരികള്‍ക്കായി വല വിരിച്ചിരുന്നത് ആര്? ഇനി രണ്ടാമത്തെ ചോദ്യം സെബിയുടെ കാല്‍ക്കുലേഷന്‍ പ്രകാരം മുന്‍പിലത്തെ ക്വാര്‍ട്ടറിലെ അവസാനത്തെ ദിവസത്തെ (28 സപ്തംബര്‍) ക്ലോസിങ് നിലവാരമായ 5700ന്റെ 10 ശതമാനമായ 570 പോയന്റിന് താഴെ സര്‍ക്യൂട്ട് ഫില്‍ട്ടര്‍ അടിക്കേണ്ട നിഫ്റ്റി എങ്ങനെ 900 ത്തിലധികം പോയന്റിന് താഴെയായ 4888 രേഖപ്പെടുത്തി? എന്തുകൊണ്ട് നിഫ്റ്റിയുടെ 10 ശതമാനം സര്‍ക്യുട്ട് ഫില്‍ട്ടര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല? അതുപോലെ തന്നെ നിഫ്റ്റി 160 പോയന്റ് താഴെ ഫ്രീസ് ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡെറിവേറ്റീവ് ട്രേഡ് നിശ്ചലമാക്കിയില്ല? ഒപ്പം ബിഎസ്ഇ എന്തുകൊണ്ട് നിര്‍ത്തിയില്ല ? ഇതൊരു സാങ്കേതിക തകരാറല്ല എന്നത് പിന്നീട് എംകേ ഗ്ലോബലിനെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ തെളിഞ്ഞു. അപ്പോള്‍ പിന്നെ വിലകള്‍ താഴെ പോയതുകൊണ്ട് നിഫ്റ്റി 10 ശതമാനത്തിലധികം വോളട്ടിലിറ്റി (വ്യതിയാനം) കാണിച്ച പോയന്റില്‍ എന്തുക്കൊണ്ട് വ്യാപാരം ഫ്രീസ് ആയില്ല? അപ്പോള്‍ എംകേ ഗ്ലോബലിലെ ഒരു സാധാരണ ഡീലര്‍ക്ക് സംഭാവിച്ചതിനെക്കാള്‍ വലിയ പിഴവല്ലേ എന്‍എസ്ഇ വരുത്തിവച്ചത്? ഒപ്പം തന്നെ സെബിയുടെ നിര്‍ദേശത്തിന്റെ ലംഘനവും. ഇനി ഇതിനെക്കാള്‍ വിചിത്രം 15 മിനിട്ടിനു ശേഷം വ്യാപാരം പുനരാരംഭിച്ചതാണ്. യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ 10.05ന് അങ്ങോട്ടു വ്യാപാരം പുനരാരംഭിക്കുമ്പോള്‍ പല ഇടപാടുകാരുടെയും മനസ്സിലെ ഭീതി മാസങ്ങള്‍ക്ക് മുന്‍പ് നിഫ്റ്റിയില്‍ ഇതുപോലെ നടന്ന കനത്ത വീഴ്ചയാണ്. അന്ന് അത് ശരിയായ ട്രേഡ് ആണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും പുറത്തുവന്നപ്പോഴാണ് വിദേശ നിക്ഷേപകരുടെ ഇമ്മാതിരിയുള്ള അടിയുടെ ചൂട് ജനം അറിഞ്ഞത്. പിന്നീടങ്ങോട്ട് ഏതാണ്ട് 700 പോയന്റിലധികം നിഫ്റ്റി തുടര്‍ദിവസങ്ങളില്‍ താഴേക്കു പോയത് മറക്കാന്‍ ആയിട്ടില്ലല്ലോ. അതുകൊണ്ടുതന്നെയാണ് രണ്ടാമത് ഓപ്പണ്‍ ചെയ്ത ശേഷം എക്‌സ്‌ചേഞ്ചിന്റെയോ സെബിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഫ്ലാഷ് ക്രാഷില്‍ നടന്നുപോയ കോടിക്കണക്കിനു രൂപയുടെ ഇടപാടിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെ വന്നപ്പോള്‍, അത് ശരിയായ ട്രേഡ് തന്നെ എന്ന് ജനം തെറ്റിധരിച്ചത്. അതുകൊണ്ടുതന്നെ 5693യില്‍ രണ്ടാമത് ഓപ്പണ്‍ ചെയ്ത നിഫ്റ്റി 5800 വരെ തിരിച്ചു കയറിയെങ്കിലും പിന്നീട് അതേ സ്പീഡില്‍ 5700 ലേക്ക് തിരിച്ചെത്തിയതും, പിന്നെ ഒരിക്കല്‍ക്കൂടി 5780 നിലവാരത്തിലേക്ക് തിരിച്ചു കയറിയതും. ഈ വോളട്ടിലിറ്റി മുഴുവനും ആളുകളെ അക്ഷരാര്‍ഥത്തില്‍ കൊള്ളയടിക്കല്‍ ആയിരുന്നു. വലിയ പൊസിഷനുകള്‍ ഓപ്പണ്‍ ആക്കി നില്‍ക്കുന്ന ഇടപാടുകാര്‍ക്ക് അന്ന് എന്തു സംഭവിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ സംഭവത്തില്‍ വിപണി രണ്ടാമത് ഓപ്പണ്‍ ചെയ്തപ്പോള്‍ തന്നെ എംകേ ഗ്ലോബല്‍ എന്ന സ്ഥാപനത്തെക്കൊണ്ട് 650 കോടിയുടെയും ഓഹരികള്‍ മാര്‍ക്കറ്റ് വിലയ്ക്ക് തിരിച്ചു വാങ്ങിപ്പിക്കുകയായിരുന്നു എന്‍എസ്ഇ ചെയ്തത്. 70 കോടി മാത്രം മാര്‍ക്കറ്റ് ക്യാപ് ഉള്ള ഈ കമ്പനിയെ കൊണ്ട് 80 കോടിയിലധികം ലോസ് ബുക്ക് ചെയ്യിക്കാന്‍ (നഷ്ടം നികത്താന്‍) എങ്ങനെ എക്‌സ്‌ചേഞ്ചിനു സാധിച്ചു. അപ്പോള്‍ ഈ പണം എവിടെ നിന്നും വന്നു? അതും 15 മിനിട്ട് കൊണ്ട് ഇതിനുള്ള ഇടപാടുകള്‍ എങ്ങനെ എംകേ ഗ്ലോബല്‍ ചെയ്തു? നിക്ഷേപകരുടെ കാവല്‍നായ എന്നറിയപ്പെടുന്ന സെബി ഇപ്പോള്‍ ശരിക്കും ആരുടെ കാവല്‍നായ എന്നു മനസ്സിലാക്കാം. അതിനു സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാം.


(courtesy:mathrubhumi)

No comments:

Post a Comment

Latest News