Thursday, 30 August 2012

ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ സമ്മാന തട്ടിപ്പ് വ്യാപകമാകുന്നു

ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ സമ്മാന തട്ടിപ്പ് വ്യാപകമാകുന്നു
അബൂദബി: ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ വീണ്ടും സമ്മാന തട്ടിപ്പുകള്‍ വ്യാപകമാകുന്നു. നേരത്തെ ഇത്തരം തട്ടിപ്പുകള്‍ നടന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ശക്തമായ നടപടി സ്വീകരിച്ചതോടെ പിന്‍വലിഞ്ഞ തട്ടിപ്പ് സംഘം വീണ്ടും രംഗത്തുവരികയാണ്.
റിസര്‍വ് ബാങ്കിന്‍െറ (ആര്‍.ബി.ഐ) പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മിച്ചും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്‍െറ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചുമാണ് തട്ടിപ്പ് നടത്തുന്നത്.തലശ്ശേരി സ്വദേശി സമീറിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ അഞ്ച് ലക്ഷം പൗണ്ട് (നാല് കോടി ഇരുപത്തിയാറര ലക്ഷത്തിലേറെ രൂപ) ഉടന്‍ സ്വീകരിക്കണമെന്നാണ് അറിയിച്ചത്. ‘ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ വിവിധ ഫണ്ടുകളില്‍നിന്ന് അര്‍ഹരായ വ്യക്തികള്‍ കൈപറ്റാത്ത സംഖ്യ കെട്ടിക്കിടക്കുകയാണ്. ഇത്തരം ഫണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു ഈയിടെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി ആര്‍.ബി.ഐ മുംബൈ ഓഫിസില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ഫണ്ട് പിടിച്ചുവെക്കുന്നത് അന്യായമാണെന്നും ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്നും ഡോ. സുബ്ബറാവു ശക്തമായി പറഞ്ഞതിന്‍െറ ഫലമായാണ് ഇതിന് നടപടിയുണ്ടായത്. അതിനാല്‍, താങ്കളുടെ പേരിലുള്ള അഞ്ച് ലക്ഷം പൗണ്ട് ഉടന്‍ കൈപറ്റണം’-ഇതാണ് ഇ-മെയിലിന്‍െറ ഉള്ളടക്കം.
ഈ വന്‍ സംഖ്യ ലഭിക്കാന്‍ ക്രെഡിറ്റിങ് ഫീസായി 12,300 രൂപ എത്രയും വേഗം അടക്കാന്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. നാട്ടിലെ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്കുകളിലെ സ്വന്തം അക്കൗണ്ടിലൂടെയാണ് ഈ പണം അടക്കേണ്ടത്. ഇന്ത്യക്ക് പുറത്തുള്ളവര്‍ വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ മുഖേന പണം നല്‍കണം. ഇത് ലഭിച്ചാല്‍ 45 മിനുട്ടിനകം അഞ്ച് ലക്ഷം പൗണ്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് വാഗ്ദാനം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആര്‍.ബി.ഐയില്‍ വിദേശ പണ വിനിമയ ചുമതലയുള്ള പീറ്റര്‍ മിഷേലിനെ rbi.in@wssid.org എന്ന ഇ-മെയിലില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഇതിനുപുറമെ, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ടു. ചേത്റാം രത്വാനയാണ് ഫണ്ടിന്‍െറ റിസീവറെന്ന് പറഞ്ഞതിന് പുറമെ India's Central Bank, Regional Director: Shri Sandip Ghose, Reserve Bank of India regional office, Delhi, Foreign Remittance Department, New Delhi: 110 001, India, 6,Sansad Marg എന്ന മേല്‍വിലാസം അവസാന ഭാഗത്തുണ്ട്. റിസര്‍വ് ബാങ്കിന്‍െറ ഔദ്യാഗിക അറിയിപ്പ് എന്ന തലക്കെട്ടിലാണ് മെയില്‍ അയക്കുന്നത്.റിസര്‍വ് ബാങ്കിന്‍െറ പേരിലുള്ള തട്ടിപ്പാണ് ഇതെന്ന് മനസ്സിലായ സമീര്‍, തട്ടിപ്പ് സംഘത്തെ കുടുക്കാന്‍ ലക്ഷ്യമിട്ട് തന്‍െറ ചില വിവരങ്ങള്‍ നല്‍കി. മാത്രമല്ല, ഇ-മെയിലില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പീറ്റര്‍ മിഷേല്‍ എന്ന പേരിലുള്ള വ്യക്തി സംസാരിക്കുകയും ഉടന്‍ ക്രെഡിറ്റ് ഫീസ് അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി സമീര്‍ പറഞ്ഞു.
ഫണ്ടുമായി ബന്ധപ്പെട്ട ആര്‍.ബി.ഐ അക്കൗണ്ടിന്‍െറ വിവരങ്ങളറിയാന്‍ rbinonline.org.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുള്ള അറിയിപ്പാണ് പിന്നീട് ലഭിച്ചത്. ഇതോടൊപ്പം അക്കൗണ്ട് നമ്പര്‍, പിന്‍ നമ്പര്‍, സി.ഒ.ടി കോഡ്, ടാക്സ് കോഡ്, ആന്‍ഡി ടെററിസം കോഡ് എന്നിവയുമുണ്ട്. ഇതുപയോഗിച്ച് അക്കൗണ്ടില്‍ പ്രവേശിക്കുന്നവരുടെ ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ചോര്‍ത്തുകയും ഇതുപയോഗിച്ച് തട്ടിപ്പ് നടത്തുകയുമാണ് സംഘത്തിന്‍െറ ലക്ഷ്യമെന്ന് കരുതുന്നു. തട്ടിപ്പ് മനസ്സിലാകാത്തവര്‍ ക്രെഡിറ്റ് ഫീസായി നല്‍കുന്ന പണവും തട്ടിയെടുക്കും. ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഇങ്ങനെ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ തട്ടിപ്പില്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം.(courtesy:madhyamam)

No comments:

Post a Comment

Latest News