Sunday, 3 March 2013

ലുലു ഷോപ്പിങ് മാള്‍ മാര്‍ച്ച് 10ന് തുറക്കും


എം.എ.യൂസുഫലി
കൊച്ചി: കേരളത്തിന്റെ ഷോപ്പിങ് സംസ്‌കാരം തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന ഇടപ്പള്ളിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ് മാള്‍ മാര്‍ച്ച് 10ന് പ്രവര്‍ത്തനമാരംഭിക്കും. മലയാളിയായ എം.എ.യൂസുഫലിയുടെ നേതൃത്വത്തിലുള്ള അബുദാബിയിലെ എംകെ ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിങ് മാള്‍ സംരംഭമാണ് ഇത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്ന് എന്ന വിശേഷണവുമായാണ് ലുലു കൊച്ചിയില്‍ മിഴിതുറക്കുന്നത്. ഇടപ്പള്ളി ബൈപ്പാസിനോട് ചേര്‍ന്ന് 17 ഏക്കറില്‍ പണികഴിപ്പിച്ചിരിക്കുന്ന മാളിന്റെ വിസ്തൃതി ഏതാണ്ട് 25,00,000 ചതുരശ്രയടിയാണ്. വസ്ത്രം, ഫാഷന്‍ ആക്‌സസറികള്‍, ജ്വല്ലറി, ഗിഫ്റ്റ്, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ ഇനങ്ങളിലായി ലോകത്തിലെ പല മുന്തിയ ബ്രാന്‍ഡുകളുടേയും എക്‌സ്‌ക്ലൂസീവ് ഷോറുമുകള്‍ മാളിലുണ്ട്. ഇതിന് പുറമെ ഫുഡ് കോര്‍ട്ടുകള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഗെയിം സോണുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഗെയിമിങ് സോണില്‍ 5,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഐസ് സ്‌കേറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. 

മാളില്‍ രണ്ടു നിലകളിലായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാവും. ലുലുവിന്റെ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഇത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 104 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിന് നിലവിലുള്ളത്. നൂറ്റിയഞ്ചാമത്തേതായിരിക്കും ഇടപ്പള്ളി ലുലു മാളിലേത്. ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ, വിവാഹ സാരികള്‍ക്ക് മാത്രമായി ലുലു സെലിബ്രേറ്റ്, മറ്റു ഫാഷന്‍ - വസ്ത്രശേഖരങ്ങളുമായി ലുലു ഫാഷന്‍, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ക്കായി ലുലു ഐകണക്ട് എന്നിവയും എംകെ ഗ്രൂപ്പ് തന്നെ ഒരുക്കുന്നുണ്ട്. 

കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സമുച്ചയവും ലുലു മാളിലുണ്ടാവും. പിവിആര്‍ സിനിമാസിന്റേതാണ് ഇത്. മൊത്തം ഒമ്പതു സ്‌ക്രീനുകളാണ് ഉള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും പ്രവര്‍ത്തനമാരംഭിക്കും. 

മൂവായിരത്തിലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ലുലു ഷോപ്പിങ് മാളിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കിങ്ങിനായി പ്രത്യേക നില തന്നെ തയ്യാറാക്കിയിട്ടുണ്ട്. 

മാളിന് അനുബന്ധമായി നിര്‍മിക്കുന്ന മാരിയട്ടിന്റെ പഞ്ചനക്ഷത്ര ഹോട്ടലുമുണ്ടാവും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇതും പ്രവര്‍ത്തനസജ്ജമാകും

(courtesy: mathrubhumi)

No comments:

Post a Comment

Latest News